Home » Blog » Kerala » ‘സന്തോഷം, അഭിമാനം’ – മുഖ്യമന്ത്രി പിണറായി വിജയൻ * ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
pinarayivijayan-kiCG-621x414LiveMint-1-560x414

കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോഴിക്കോട് മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്റ്റ് നടന്നത്. സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. തുരങ്കപാതയുടെ വിവരങ്ങൾ കിഫ്ബി, കൊങ്കൺ റെയിൽവേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

 

കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും നേരെയുള്ള ബ്ലാസ്റ്റാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങൾക്കായി മുത്തപ്പൻപുഴ എൽ പി സ്‌കൂളിൽ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. പരിപാടിയിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ലിന്റോ ജോസഫ് എം.എൽ.എ, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി കെ ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

 

 

 

ചാർണോക്കൈറ്റ് പാറ, ഉറപ്പുള്ളത്

 

തുരങ്കപാത നിർമിക്കുന്ന ഭാഗത്ത് ഉറപ്പുള്ള ചാർണോക്കൈറ്റ് പാറകളായതിനാൽ തുരങ്കനിർമാണത്തിന് ഉചിതമാണെന്നും വലിയ പ്രതിസന്ധികൾ പ്രതീക്ഷിക്കുന്നില്ലെന്നും കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ പറഞ്ഞു. ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയാണ് തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്നത്. നാല് പ്രവേശനങ്ങളുള്ള പാതയിൽ കോഴിക്കോട് ഭാഗം തുരക്കുന്നതിനൊപ്പം തന്നെ വയനാട് ഭാഗവും തുരന്നുതുടങ്ങും. ഇത് ഒരു മാസത്തിനകം ആരംഭിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കും. പദ്ധതിക്കായി 40 കോടി രൂപ കിഫ്ബി മാറ്റിവെച്ചിട്ടുണ്ട്. ഉറപ്പുള്ള പാറയായതിനാൽ നാല് വർഷത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.