ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടന്ന അനധികൃത പാർക്കിംഗ് ഫീസ് പിരിവിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കടുത്ത നിലപാട് വ്യക്തമാക്കി. സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി ഉപയോഗിക്കാൻ പാടില്ലെന്നും, ഇത്തരത്തിൽ ഭക്തരിൽ നിന്ന് പണം പിരിക്കാൻ പിടിഎയ്ക്ക് യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിടിഎ വികസന ഫണ്ടിന്റെ പേരിൽ രസീത് നൽകി ഒരു വാഹന ഉടമയിൽ നിന്ന് 400 രൂപ വരെ ഈടാക്കിയ നടപടി തികച്ചും തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സ്കൂൾ മാനേജ്മെന്റിന് അദ്ദേഹം നിർദ്ദേശം നൽകി. സ്കൂൾ പരിസരത്ത് തട്ടുകട പ്രവർത്തിച്ചുവെന്ന പരാതിയും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ തിരുവനന്തപുരം നഗരസഭ കാട്ടിയ ജാഗ്രതയെ മന്ത്രി അഭിനന്ദിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കോർപ്പറേഷൻ കൃത്യമായി നിർവഹിച്ചുവെന്നും, ഈ വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എം.വി സ്കൂളിലെ അനധികൃത പിരിവുമായി ബന്ധപ്പെട്ട് പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മേയർ ആര്യ രാജേന്ദ്രൻ നേരിട്ട് നടത്തിയ ഇടപെടലിനെത്തുടർന്നാണ് നടപടി ഉണ്ടായത്. പിടിഎയുടെ പേരിൽ രസീത് നൽകി വൻ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോർപ്പറേഷൻ തമ്പാനൂർ പോലീസിന് പരാതി നൽകുകയായിരുന്നു. കൂടാതെ, ഐരാണിമുട്ടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇത്തരത്തിൽ അമിത തുക ഈടാക്കി നടത്തിയ പാർക്കിംഗും മേയറുടെ ഇടപെടലിലൂടെ തടഞ്ഞിരുന്നു.
