കാലിഫോര്‍ണിയ: 2007-ൽ സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചത് മുതൽ, ഐഫോൺ ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോൺ വിപണിക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഒരു ഫോൺ എന്നതിലുപരി, പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഒരു കമ്പ്യൂട്ടർ, മ്യൂസിക് പ്ലെയർ, ഇന്റർനെറ്റ് കമ്മ്യൂണിക്കേറ്റർ എന്നീ മൂന്ന് ഉപകരണങ്ങളുടെ സംയോജനമായാണ് ജോബ്സ് ഐഫോണിനെ വിശേഷിപ്പിച്ചത്. ഏറ്റവും സ്ലിമ്മായ ഐഫോൺ ആയിരുന്നു ‘ഐഫോൺ എയർ’. എന്നാൽ ഐഫോൺ എയർ വിൽപ്പനയിൽ കമ്പനി അത്ര തൃപ്‍തരല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിൽപ്പന ദുർബലമായതിനാൽ ആപ്പിൾ ഐഫോൺ എയറിന്‍റെ ഉത്പാദനം കുറയ്ക്കാൻ തുടങ്ങിയതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാൻഡ് കാരണം ആപ്പിൾ ഈ വർഷം ഐഫോൺ എയറിന്‍റെ ഉത്പാദനം ഏകദേശം 10 ലക്ഷം യൂണിറ്റ് കുറയ്ക്കുമെന്ന് കരുതുന്നതായി ജപ്പാനിലെ മിസുഹോ സെക്യൂരിറ്റീസിനെ ഉദ്ദരിച്ച് ദി ഇലക് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ആപ്പിള്‍ ഐഫോണ്‍ എയര്‍ അവതരിപ്പിച്ചപ്പോള്‍ അത് വലിയ ആഗോള വാര്‍ത്താ പ്രാധാന്യം സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണായ ഐഫോണ്‍ എയറിന് 5.6 എംഎം ആണ് കനം വരുന്നത്. 6.5 ഇഞ്ച് പ്രോമോഷൻ 120 ഹെര്‍ട്‌സ് സൂപ്പർ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേ, എ19 പ്രോ ചിപ്, 2x ടെലിഫോട്ടോ പിന്തുണയുള്ള 48 എംപി സിംഗിൾ റിയർ ക്യാമറ, 18 എംപി സെൽഫി ക്യാമറ, 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് എന്നിവയായിരുന്നു ഐഫോണ്‍ എയറിന്‍റെ പ്രധാന സവിശേഷതകള്‍. 256 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് 1,19,900 രൂപയായിരുന്നു വിലത്തുടക്കം. എന്നാല്‍ വളരെ നേർത്ത രൂപകൽപ്പനയും ഫ്ലാഗ്ഷിപ്പ് ലെവൽ സവിശേഷതകളും ഉണ്ടായിരുന്നിട്ടും ഐഫോൺ എയറിന് ശക്തമായ വിൽപ്പന കൈവരിക്കാൻ കഴിയുന്നില്ല.
എന്നാൽ, ചൈനയിൽ ലോഞ്ച് ചെയ്‌ത ഉടൻ തന്നെ ഐഫോൺ എയർ വിറ്റുതീർന്നതായി റിപ്പോർട്ടുണ്ട്. ഉയര്‍ന്ന വില ഐഫോണ്‍ എയറിനോടുള്ള താത്പര്യം കുറച്ചതായി വിശകലന വിദഗ്ധർ പറയുന്നു. ഉപഭോക്താക്കൾ ഐഫോൺ എയറിന് പകരം ഐഫോൺ 17-നെ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ മെച്ചപ്പെട്ട ക്യാമറ സംവിധാനവും പ്രീമിയം സവിശേഷതകളും കാരണം ഐഫോൺ 17 പ്രോ മോഡലുകൾ വാങ്ങുകയോ ചെയ്യുന്നു എന്നും റിപ്പോർട്ടുണ്ട്.
