Your Image Description Your Image Description

കൊച്ചി: ഓസ്‌കാര്‍ നോമിനേഷനില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം. ലണ്ടന്‍ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ്, സിംഗിള്‍ ഐഡി എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി ടു ഓസ്‌കാര്‍ വിത്ത് ഡിഎന്‍എഫ്ടി പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകന്‍ ഹരിഹരന്‍, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, അഭിനേതാക്കളായ നരേന്‍, തന്‍വി റാം, ടെക് ബാങ്ക് മൂവീസ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സുഭാഷ് മാനുവല്‍, യുകെ ആസ്ഥാനമായ ഇ.എസ് ഗ്ലോബല്‍ ഡയറക്ടര്‍ ടെലക്സി, പോപ്പ്, നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസില്‍ തമ്പി തുടങ്ങിയവര്‍ ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

മലയാള സിനിമ ലോക സിനിമയുടെ നെറുകയില്‍ എത്തി നില്‍ക്കുന്നതില്‍ അഭിമാനമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. ഓസ്‌കാര്‍ വേദിയിലെ പ്രൊമോഷന്‍ പരിപാടികളടക്കം എതാണ്ട് ഒന്നര മാസത്തോളമായുള്ള അധ്വാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓടിടി, സാറ്റലൈറ്റ് വിതരണാവകാശത്തിന് പുറമെ ഡിഎന്‍എഫ്ടി കൂടി എത്തുന്നതോടെ സിനിമാ ലോകത്തിന് പുതിയ വഴികള്‍ തുറക്കുകയാണെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു. 200 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ഡിഎന്‍എഫ്ടിക്കായി ടെക് ബാങ്ക് മൂവീസില്‍ നിക്ഷേപിക്കുമെന്ന് ഇ.എസ് ഗ്ലോബല്‍ ഡയറക്ടര്‍ ടെലക്സി പറഞ്ഞു. ഡിഎന്‍എഫ്ടിക്ക് പുറമെ നിര്‍മ്മാണ രംഗത്തേക്ക് ഉടന്‍ പ്രവേശിക്കുമെന്നും, ചലച്ചിത്ര മേഖലയിലെ പ്രത്യേകമായ കണ്ടന്റുകള്‍ ഡിഎന്‍എഫ്ടി വഴി നല്‍കുമെന്നും ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു.

ചടങ്ങില്‍ ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറക്കി. ലോകത്ത് ആദ്യമായി ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍ (ഡിഎന്‍എഫ്ടി) അവതരിപ്പിച്ചത് ടെക് ബാങ്ക് മൂവീസ് ആണ്. നേരത്തെ മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിഭന്റെ ഡി.എന്‍.എഫ്.ടി പുറത്തിറക്കിയിരുന്നു. നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യയാണ് ഡി എന്‍ എഫ് ടി വികസിപ്പിച്ചിരിക്കുന്നത്.

തുടര്‍ന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ളവേഴ്സ് ടി വി താരങ്ങള്‍ അവതരിപ്പിച്ച നൃത്ത- ഹാസ്യ പരിപാടികളുംഅരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *