സഹോദരി മാളവിക ജയറാമിനെ (ചക്കി) കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളോട് രോഷം പ്രകടിപ്പിച്ച് നടൻ കാളിദാസ് ജയറാം. ഇത്തരം കമൻ്റുകൾ പോസ്റ്റ് ചെയ്യുന്നവരെ ഇടിക്കണമെന്ന് തോന്നിയതായും, എന്നാൽ ഒരു സഹോദരനെന്ന നിലയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റിയെക്കുറിച്ച് കാളിദാസ് പ്രതികരിച്ചത്. ചക്കിയുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇടിക്കണമെന്ന് തോന്നിയാലും അത് കഴിയില്ലല്ലോ. ഞാൻ അവരെ ഇടിച്ചാൽ അടുത്ത തമ്പ്നെയിൽ ‘കാളിദാസ് ഒരാളെ ഇടിച്ചു’ എന്നായിരിക്കും, കാളിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ തങ്ങൾ നിസ്സഹായരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ റിവ്യൂകളിലെ നെഗറ്റിവിറ്റി
സിനിമകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂസ് വരുന്നതിനെയും കാളിദാസ് വിമർശിച്ചു. “ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യും മുമ്പേ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശമായ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം സിനിമ കഴിയുന്നതുവരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ പടം റിലീസ് ചെയ്യുന്നതിൻ്റെ ഒന്നര മണിക്കൂർ മുമ്പൊക്കെ വരും. അതെങ്ങനെ വരുന്നുവെന്ന് എനിക്കറിയില്ല,” കാളിദാസ് പറഞ്ഞു.
നെഗറ്റീവാണെങ്കിൽ സോഷ്യൽ മീഡിയയിൽ വേഗത്തിൽ റീച്ചാവും. ഇത് കണ്ട് പലരും സിനിമ കാണാതെ മടങ്ങും. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുത് എന്ന് പറയാനുള്ള സാഹചര്യം പോലും അഭിനേതാക്കൾക്കില്ല. തന്നെ നെഗറ്റീവ് കമന്റുകൾ ബാധിക്കാറില്ലെങ്കിലും, അത് കാരണം വേദനിച്ചവരെ തനിക്കറിയാമെന്നും കാളിദാസ് വ്യക്തമാക്കി.
