ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പിന്നാലെ, പരാജയത്തിന്റെ പ്രധാന കാരണങ്ങൾ വിശദീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രംഗത്തെത്തി.
‘പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ഞങ്ങൾക്ക് വലിയ തിരിച്ചടിയായത്. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയതും കളിയുടെ ഒഴുക്കിനെ ബാധിച്ചു,’ ഗിൽ പറഞ്ഞു. ഈ മത്സരത്തിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനായെന്നും, രണ്ടാം ഏകദിനത്തിൽ ശക്തമായി തിരിച്ചുവരുമെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
മഴ കളി തടസ്സപ്പെടുത്തിയതിനെ തുടർന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് നേടാനായത്. കെ.എൽ രാഹുൽ (31 പന്തിൽ 38), അക്സർ പട്ടേൽ (38 പന്തിൽ 31) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. മിച്ചൽ മാർഷ് (46), ജോഷ് ഫിലിപ്പ് (37), മാറ്റ് റെൻഷാ (21) എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ ഓസീസ് 21.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയും 7 വിക്കറ്റിൻ്റെ അനായാസ വിജയം നേടുകയും ചെയ്തു.
