ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെയും ദേശീയ തലത്തിലെയും ഏറ്റവും ജനപ്രിയ താരങ്ങളുടെ സെപ്റ്റംബർ മാസത്തെ പട്ടിക ഓർമാക്സ് മീഡിയ പുറത്തുവിട്ടു. പ്രമുഖ താരങ്ങൾ തമ്മിൽ റാങ്കിംഗിൽ വൻ അട്ടിമറി നടന്നതാണ് ഈ ലിസ്റ്റിന്റെ പ്രധാന പ്രത്യേകത. ആരാധകപിന്തുണയുടെ കാര്യത്തിൽ മുൻനിരയിലുണ്ടായിരുന്ന ദളപതി വിജയ്‌യെ പിന്നിലാക്കി പാൻ ഇന്ത്യൻ താരം പ്രഭാസ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതോടെ വിജയ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
‘പുഷ്പ 2’ എന്ന സിനിമയുടെ വിജയത്തിനുശേഷം സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ഈ ലിസ്റ്റിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. മുൻപ് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അജിത്ത് കുമാറിനെ മറികടന്ന് അല്ലു അർജുൻ മൂന്നാം സ്ഥാനം കൈക്കലാക്കി. ഇതോടെ അജിത്ത് കുമാർ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പട്ടികയിൽ ചില പുതിയ താരങ്ങളും ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ ലിസ്റ്റിലുണ്ടായിരുന്ന രജനികാന്തും അക്ഷയ് കുമാറും പുതിയ റാങ്കിംഗിൽ നിന്നും പുറത്തായി. പകരം, തെലുങ്ക് സൂപ്പർതാരങ്ങളായ പവൻ കല്യാണും രാം ചരണുമാണ് പട്ടികയിലെ പുതിയ എന്‍ട്രികൾ. ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ നാലാം സ്ഥാനത്ത് തുടരുന്നു. തെലുങ്ക് താരം മഹേഷ് ബാബു ആറാം സ്ഥാനത്താണ്.
തുടർന്ന്, ജൂനിയർ എൻടിആർ ഏഴാം സ്ഥാനത്തും രാം ചരൺ എട്ടാം സ്ഥാനത്തും ഇടംപിടിച്ചു. ‘ഒജി’ എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുന്ന തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ ഒൻപതാം സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തുണ്ടായിരുന്ന ബോളിവുഡ് സൂപ്പർനായകൻ സൽമാൻ ഖാൻ ഇത്തവണ ഒരു സ്ഥാനം താഴെ പോയി പത്താം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്.
