ആർഎസ്എസ് പതാകകളും പോസ്റ്ററുകളും നീക്കം ചെയ്തതിന് പിന്നാലെ കർണാടകയിലെ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിനും അനുമതി നിഷേധിച്ചു. മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമാണ് ചിറ്റാപൂർ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന്മണിയോടെ റൂട്ട് മാർച്ചിനുള്ള സജ്ജീകരണങ്ങൾ നടത്തുകയും വോളണ്ടിയർമാർ സന്നദ്ധരായെത്തുകയും ചെയ്യുന്നതിനിടെയാണ് തഹസിൽദാർ അനുമതി നിഷേധിച്ചത്. ഇതിനെതിരെ ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മറ്റൊരു തീയതിയിലേക്ക് പ്രത്യേകം അപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു.
പൊതുയിട ഉപയോഗത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദേശിച്ച് 2012-13ൽ മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയായിരിക്കെ പുറപ്പെടുവിച്ച സർക്കുലർ കർശനമായി നടപ്പിലാക്കാൻ വ്യാഴാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് ഉത്തരവായി ഇറക്കാൻ ധൈര്യമുണ്ടോ എന്ന് നിലവിൽ ബിജെപി രാജ്യസഭാംഗമായ ഷെട്ടാർ ശനിയാഴ്ച രാവിലെ പ്രിയങ്ക് ഖാർഗെ വെല്ലുവിളിച്ചു. വൈകിട്ട് സർക്കാർ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവ് പിന്തുടർന്നായിരുന്നു ഞായറാഴ്ച ആർഎസ്എസ് റൂട്ട് മാർച്ചിന് നിരോധനം.
