സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തുള്ള സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഒ പി ബഹിഷ്കരിക്കുന്നത്. ജൂനിയർ ഡോക്ടർമാരും, പി ജി ഡോക്ടർമാരും മാത്രമേ ഒ പിയിൽ ഉണ്ടാവുകയുള്ളുവെന്നും അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രമേ മെഡിക്കൽ കോളജുകളിൽ എത്താവു എന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ അറിയിച്ചു.
അധ്യാപനം നിർത്തി നടത്തിയ സമരത്തോട് സർക്കാർ മുഖം തിരിച്ചതിനാലാണ് ഒപി ബഹിഷ്കരണ സമരത്തിന്റെ സാഹചര്യം ഉണ്ടായതെന്നും, ഇതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒ പി ബഹിഷ്കരിക്കാനാണ് നീക്കം.
