ബേപ്പൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്ത് മികവിന്റെ കേന്ദ്രമായി കേരളം ഉയരുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക ആരോഗ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവ ചേര്‍ന്ന ഒരു ഹെല്‍ത്ത് സര്‍വീസ് നെറ്റ്വര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദ ചികിത്സക്കായി മികച്ച സൗകര്യങ്ങളാണ് സര്‍ക്കാറും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയത്. ബേപ്പൂര്‍ മണ്ഡലത്തില്‍ ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് ബേപ്പൂരില്‍ ആയുര്‍വേദ ആശുപത്രി നിര്‍മിച്ചത്. രണ്ട് ഘട്ടങ്ങളിലായി പ്രവൃത്തി പൂര്‍ത്തീകരിച്ച ആശുപത്രിയില്‍ ഡോക്‌ടേഴ്‌സ് റൂം, ട്രീറ്റ്മെന്റ് റൂം, ഫാര്‍മസി റൂം, വിശ്രമ മുറികള്‍, റിസപ്ഷന്‍ ഏരിയ, കിച്ചണ്‍, സ്റ്റോര്‍ റൂം, യോഗ ഹാള്‍, ഓഫീസ് റൂം, ടോയ്‌ലറ്റുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങില്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ രാജീവ് അധ്യക്ഷനായി. പി.ഡബ്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി പി ബീരാന്‍ കോയ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ബേപ്പൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ ഹൃദ്യ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
