കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് എറണാകുളം ജില്ലയുടെ വ്യവസായ മേഖലയിൽ 7410 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ സാധിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തടിപ്പാലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ 386 ഇടത്തരം/വൻകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളാണ് ജില്ലാ വ്യവസായ കേന്ദ്രം സ്വീകരിച്ചത്. ഈ പദ്ധതികളിൽ 135 എണ്ണം ഇതിനോടകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ ജില്ലയിൽ ആകെ 63,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. അടുത്ത 15 വർഷത്തിനുള്ളിൽ കേരളം ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
പെരുമ്പാവൂരിലെ റയോൺസ് ഭൂമിയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. അവിടെ 15,000 ചതുരശ്രയടിയിൽ പൂർത്തിയാക്കിയ ആദ്യ വ്യവസായ യൂണിറ്റിന്റെ ഉദ്ഘാടനവും മറ്റു രണ്ട് യൂണിറ്റുകളുടെ തറക്കല്ലിടലും നാളെ(ഫെബ്രുവരി 11) നടക്കും. മരങ്ങൾ മുറിക്കാതെ സംരക്ഷിച്ചുകൊണ്ട് ‘ഗ്രീൻ ബിൽഡിംഗ്’ രീതിയിലാണ് ഈ യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഇതിനോടകം നൂറോളം പേർക്ക് ജോലി നൽകാൻ സാധിച്ചു. ദാവോസ് സന്ദർശന വേളയിൽ കേരളത്തെ ലോകത്തിന് മുന്നിൽ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും നിക്ഷേപകർക്ക് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ‘ബിയോണ്ട് കോംപറ്റീഷൻ: എ ന്യൂ ഗ്രോത്ത് സ്ട്രാറ്റജി’ എന്ന വിഷയത്തിൽ ഡോ. പി.പി. വിജയനും, ഇൻവെസ്റ്റ്മെന്റ് പ്രൊജക്റ്റ് പ്രിപ്പറേഷൻ എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. സ്വപ്നയും, ഡി.ഐ.സി ഫെസിലിറ്റേഷൻ സപ്പോർട്ടിനെക്കുറിച്ച് മാനേജർ അനീഷ് മാനുവലും സംസാരിച്ചു. സംരംഭകരുടെ പ്രോജക്റ്റുകൾ വിശദമായി ചർച്ച ചെയ്യുന്ന പ്രത്യേക സെഷനും പരിപാടിയുടെ ഭാഗമായി നടന്നു.
ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ടോം തോമസ്, ലീഡ് ബാങ്ക് മാനേജർ സി. അഭിലാഷ്, ഡി.ഐ.സി മാനേജർ കെ. സിൻസി മോൾ ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ട നൂറോളം സംരംഭകരും പങ്കെടുത്തു.
