നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ സംഘടിപ്പിച്ചിരിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ജനശ്രദ്ധയാകർഷിക്കുന്നു. കുരുമുളക് കൃഷിയിലെ വൈവിധ്യങ്ങൾ അടുത്തറിയാൻ അവസരമൊരുക്കുന്നതിനൊപ്പം ഭാവിയിലെ കൃഷിരീതികളായ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാമിങ് എന്നിവയുടെ പ്രദർശനവും മേളയുടെ മാറ്റു കൂട്ടുന്നു.
പതിനെട്ടോളം വ്യത്യസ്ത ഇനം കുരുമുളക് തൈകളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കർഷകർക്കിടയിൽ പ്രിയമേറിയ പന്നിയൂർ ഇനങ്ങൾ മുതൽ നാടൻ ഇനങ്ങളായ കരിമുണ്ട, നീലിമുണ്ട എന്നിവയും ഐഐഎസ്ആർ വികസിപ്പിച്ചെടുത്ത മികച്ച ഇനങ്ങളും ഇവിടെ കാണാം. കൂടാതെ ഉൽപ്പാദനക്ഷമതയിൽ മുന്നിട്ടുനിൽക്കുന്ന ശ്രീകര, ശുഭകര തുടങ്ങിയ ഇനങ്ങളും പ്രദർശനത്തിലുണ്ട്. ഓരോ ഇനത്തിന്റെയും പ്രത്യേകതകളും വളർത്തേണ്ട രീതികളും കർഷകർക്കും സന്ദർശകർക്കും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും വിധമാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.
മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ് രീതിയും, മത്സ്യകൃഷിയും പച്ചക്കറിക്കൃഷിയും സമന്വയിപ്പിക്കുന്ന അക്വാപോണിക്സ് രീതിയും കാഴ്ച്ചക്കാരെ ആകർഷിക്കുന്നു.
