എക്‌സൈസ് വകുപ്പില്‍ സംസ്ഥാനതലത്തില്‍ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ, പാര്‍ലമെന്ററികാര്യ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃശ്ശൂര്‍, പൂത്തോള്‍ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മുഖ്യമന്ത്രിയുടെ 2024 ലെ എക്സൈസ് മെഡല്‍ വിതരണവും പരിശീലനം പൂര്‍ത്തിയാക്കിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും വനിതാ-സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിംഗ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് അക്കാദമിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 2600ലധികം നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
134 പേര്‍കൂടി എക്‌സൈസ് സേനയുടെ ഭാഗമായി. ഇവര്‍ പ്രതിജ്ഞയെടുത്ത് ജോലിയുടെ ഭാഗമാകുകമാത്രമല്ല ചെയ്യുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വം ഏറ്റെക്കുകകൂടിയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സേനയുടെ ഭാഗമായ എല്ലാവരുംതന്നെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ബിരുദ-ബിരുദാനന്തര പ്രൊഫഷണല്‍ യോഗ്യതകളുള്ളവരാണ് പരിശീലനം പൂര്‍ത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
16 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരും 71 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും 47 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായത്. പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകള്‍ക്ക് പുരസ്‌കാര വിതരണവും മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ 71 ബിരുദധാരികള്‍, 20 ബിരുദാനന്തര ബിരുദധാരികള്‍, ഒരു എം.ടെക് ബിരുദധാരി, 24 ബി.ടെക് ബിരുദധാരികള്‍, ഒരു ബി.എ.എം.എസ്. ബിരുദധാരി, ഒരു ബി.ഡി.എസ് ബിരുദധാരി, 4 ബി.എഡ്. ബിരുദധാരികള്‍, 5 ഡിപ്ലോമ ബിരുദധാരികളും ഉള്‍പ്പെടുന്നു. ആലപ്പുഴയില്‍ നിന്നുള്ള സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികകളില്‍ നിയമനം ലഭിച്ച ഒരു കുടുംബത്തില്‍ നിന്നുള്ള എം. അനന്തുവും സഹോദരിയായ എം. അര്‍ച്ചനയും പാസ്സിംഗ് ഔട്ട് പരേഡില്‍ ഒരുമിച്ച് പങ്കെടുത്തതും കൗതുക കാഴ്ചയായി.
ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ ടി.എം മജു എന്നിവരും സല്യൂട്ട് സ്വീകരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
