Home » Blog » Top News » കേരളത്തിൻ്റെ ദത്തുപുത്രി ഇനി ഇന്ത്യയുടെ സ്വന്തം പെപിത സേത്തിന് പൗരത്വരേഖ കൈമാറി
images (82)

കേരളത്തിന്റെ സംസ്‌കാരത്തേയും കലകളേയും ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ബ്രിട്ടൻ്റെ മകൾ പദ്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യക്ക് സ്വന്തം. കളക്ട്രേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് പെപിത സേത്ത് പൗരത്വരേഖകള്‍ ഏറ്റുവാങ്ങി.

ആനയേയും പൂരത്തേയും കാവിനേയും കേരള സംസ്കാരത്തേയും കലയേയും ഹൃദയത്തോടു ചേർത്തുപിടിച്ച പെപിത സേത്തിന് ഇത് അഭിമാനത്തിൻ്റെ നിമിഷം. തൻ്റെ എണ്‍പത്തിനാലാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.

ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ ആഗ്രഹത്തിന് ഇതോടെ ഔദ്യോഗിക അംഗീകാരമായി. പൗരത്വ രേഖ കൈമാറ്റത്തെ അപൂർവമായ നിമിഷമെന്നാണ് ജില്ലാ കളക്ടർ വിശേഷിപ്പിച്ചത്. അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡും ഈ അപൂർവ നിമിഷത്തിന് സാക്ഷിയായി. കേരള സംസ്കാരത്തേയും കലയേയും ലോകത്തിന് മുന്നിൽ ഉയർത്തി കാണിച്ച പെപിതയെ 2012-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയിൽ നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത തൻ്റെ 27-ാമത്തെ വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രഫിയേയും എഴുത്തിനേയും ഏറെ സ്നേഹിച്ച പെപിതയ്ക്ക് തൃശൂർ പിന്നെ ജന്മ നാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകർത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി. 1981-ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടിയെടുത്തിരുന്നു.

ആറ്റന്‍ബറോയുടെ ഗാന്ധി എന്ന വിശ്വപ്രസിദ്ധമായ സിനിമയില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷമിട്ട റോഷന്‍ സേത്തായിരുന്നു പെപിതയുടെ ജീവിതപങ്കാളി. താൻ ഏറെ സ്നേഹിച്ച നാട് തന്നെ മകളായി സ്വീകരിച്ചതിൻ്റെ സന്തോഷത്തിലാണ് പെപിത സേത്ത്. താൻ എഴുതിയ ഇൻ ഗോഡ്സ് മിറർ; ദ തെയ്യംസ് ഓഫ് മലബാർ എന്ന പുസ്തകം ജില്ലാ കളക്ടർക്ക് സമ്മാനിച്ചാണ് പെപിതാ സേത്ത് കളക്ട്രേറ്റിൽ നിന്ന് മടങ്ങിയത്.

/**for adding 05-02-2026*/