തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ ഹോസ്റ്റൽ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ ഏറ്റെടുക്കുന്നതിന് ഏറ്റവും കൂടുതൽ ഉത്സാഹം കാണിച്ചിട്ടുള്ള ഒരു സർക്കാരാണിതെന്ന് മന്ത്രി ഡോ. ആർ ബിന്ദു
പറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയിൽ ഉൾപ്പെടെ അക്കാദമിക ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടും പ്രവർത്ത്യുന്മുഖ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രധാന്യം നൽകിക്കൊണ്ടും കരിക്കുലം പരിഷ്കരണവും സിലബസ് പരിഷ്കരണവും ഏറ്റെടുക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേരള നോളജ് എക്കോണമി മിഷൻ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ, കെ ഡിസ്ക് തുടങ്ങി വിവിധങ്ങളായ ഏജൻസികളെ സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെ നൂതനങ്ങളായ ആശയങ്ങളെ പ്രയോഗത്തലത്തിലെത്തിക്കുന്നതിനും അതിനെ വിപണിയിൽ എത്തിക്കുന്നതിനും പേറ്റന്റ് ഉൾപ്പെടെ ആർജ്ജിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനുമെല്ലാം ഈ സർക്കാരിന്റെ കാലത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെന്റേഴ്സ് ഫോർ സ്കിൽ ഡവലപ്പ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് വന്നു കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കളമശ്ശേരി എസ് ഐ ടി ടി ടി ആർ ജോയിന്റ് ഡയറക്ടർ കെ. ജി. സിനിമോൾ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് റീജിയണൽ ഹെഡ് ആർ. ജിതി, തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. എ സോളമൻ, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് നജൽ, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു . അദ്ധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
