കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ്, കോളേജ് ഓഫ് നഴ്സിങ് എന്നിവിടങ്ങളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ഫെബ്രുവരി 7) രാവിലെ 9.30ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗവ. മെഡിക്കല്‍ കോളേജിലെ പരീക്ഷാ ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം, പി.ഇ.ടി സി.ടി സ്‌കാന്‍, ഹീമോഫീലിയ ബ്ലോക്ക്, 4 കെ ലാപ് മെഷീന്‍, സി.ഒ 2 ലേസര്‍ സിസ്റ്റം, ഹാര്‍ട്ട് ലംഗ് മെഷിന്‍, ഇന്റീരിയര്‍ ആന്‍ഡ് ലാറ്ററല്‍ സ്‌കള്‍ നാവിഗേറ്റര്‍ സിസ്റ്റം, ഫാമിലി പ്ലാനിങ് ഒ.പി, ഡ്രഗ് സ്റ്റോര്‍, ഗവ. ദന്തല്‍ കോളേജ് പുതിയ ബ്ലോക്ക്, ഓഡിറ്റോറിയം, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ നവീകരണ പ്രവൃത്തികള്‍, പ്രോസ്‌തോഡോണ്ടിക്സ് സിര്‍ക്കോണിയം ലാബ്, ഗവ. നഴ്സിങ് കോളേജ് ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനവും എം.ആര്‍.ഐ സ്‌കാന്‍ സെന്റര്‍, ബയോ മെഡിക്കല്‍ ഇന്‍സിനറേറ്റര്‍ എന്നിവയുടെ ശിലാസ്ഥാപനവുമാണ് മന്ത്രി നിര്‍വഹിക്കുന്നത്.
മെഡിക്കല്‍ കോളേജിലെ ന്യൂ എക്‌സാം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍, എം കെ രാഘവന്‍ എം പി, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുക്കും.
