unnikrishananpotti-1-680x450.jpg

കോടതിയിൽ നിന്ന് എസ്പി ഓഫീസിലെത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് തൈര് നൽകില്ലെന്ന് ബേക്കറി ഉടമ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് കഴിക്കാനാണ് തൈര് ആവശ്യപ്പെട്ട് പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ജീവനക്കാർ ക്യാമ്പിനോട് ചേർന്നുള്ള ബേക്കറിയിലെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആണെങ്കിൽ തൈര് നൽകില്ലെന്ന് ചച്ചൂസ് ബേക്കറിയുടമ അറിയിക്കുകയായിരുന്നു. ഇത്ര വലിയ തട്ടിപ്പുകാരന് കൊടുക്കാൻ തൈര് നൽകില്ലെന്നാണ് ജീവനക്കാരി പൊലീസിനോട് വിശദമാക്കിയത്. റാന്നി കോടതിയിൽ നിന്ന് ഉച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്പി ഓഫീസിലെത്തിച്ചത്.

മെസ്സിൽ നിന്നുള്ള ജീവനക്കാർ എത്തി തൈര് ആവശ്യപ്പെട്ടപ്പോൾ പതിവ് പോലെ നാലഞ്ച് പാക്കറ്റുമായി എത്തിയ ബീനയോട് ഒരു കവർ മതിയെന്ന് പറഞ്ഞപ്പോഴാണ് യുവതിക്ക് എന്തോ പന്തികേട് തോന്നിയത്. വിവരം ചോദിച്ചപ്പോഴാണ് തൈര് ഉണ്ണികൃഷ്ണൻ പോറ്റിക്കാണെന്ന് മനസിലായത്. പേര് കേട്ടതോടെ കടയിൽ ഉണ്ടായിരുന്നവരുടെ വിധം മാറി. ദൈവത്തിന്റെ മുതല് കട്ടവർക്ക് തൈര് കൊടുക്കേണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ ബീനയും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു.

കോടതിയിൽ നിന്ന് ഇറക്കിയപ്പോൾ ബിജെപി പ്രവർത്തകൻ ചെരിപ്പെറിഞ്ഞിരുന്നു. ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുള്ളത്. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നൽകിയത്. തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വദേശം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *