കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ചു. ഫെബ്രുവരി 16 മുതല്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും ഗോള്‍ഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങള്‍ക്കും സ്റ്റാര്‍ അലയന്‍സ് അംഗങ്ങള്‍ക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നല്‍കും. യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചില്‍ ഒരേസമയം 300 പേരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി.
ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പുതിയ ബ്രാന്‍ഡിംഗ്, ഡിസൈന്‍ എന്നിവ അനുസരിച്ച് പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചാണ് ലോഞ്ചിന്റെ രൂപകല്‍പ്പന. ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലും ഇത്തരം ലോഞ്ചുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്. ആഗോള ഡിസൈന്‍ സ്റ്റുഡിയോ ആയ ഹിര്‍ഷ് ബെഡ്‌നര്‍ അസോസിയേറ്റ്‌സ് ആണിത് രൂപകല്‍പ്പന ചെയ്തത്.
യാത്രക്കാരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രൂപകല്‍പ്പനയാണ് ഈ ലോഞ്ചിന്റെ സവിശേഷത. ഏവിയേറ്റേഴ്‌സ് ബാര്‍, ഗ്ലോബ്‌ട്രോട്ടേഴ്‌സ് സ്റ്റഡി, സെറീനിറ്റി ഏരിയ, ക്രിസ്റ്റല്‍ ബാര്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ഫസ്റ്റ് ക്ലാസ് ലോഞ്ചിലെ സീറ്റിംഗ്, ഡൈനിംഗ് മേഖലകള്‍ റണ്‍വേയെ അഭിമുഖീകരിക്കുന്നതിനാല്‍ വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്റിംഗും കാണാന്‍ സാധിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി പ്രത്യേക സ്ലീപ്പ് സ്യൂട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍, അന്താരാഷ്ട്ര വിഭവങ്ങള്‍ ഉള്‍പ്പടെയുള്ള ലൈവ് കുക്കിംഗ് സ്റ്റേഷനുകളും ഇവിടെയുണ്ട്. കൂടാതെ പരമ്പരാഗത രീതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ‘ബെവറേജ് ഓണ്‍ വീല്‍സ്’ സേവനത്തിലൂടെ സീറ്റിലിരുന്ന് തന്നെ കോക്ടെയിലുകളും ആസ്വദിക്കാം.
എയര്‍ ഇന്ത്യയുടെ നവീകരണത്തിന്റെ ഭാഗമായുള്ള ഒരു നിര്‍ണായക നീക്കമാണ് ഈ മഹാരാജ ലോഞ്ചെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ക്യാംപ്ബെല്‍ വില്‍സണ്‍ പറഞ്ഞു.
