രാജ്യത്തെ നടുക്കി ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കൊറിയൻ ലവ് ഗെയിം ആണെന്ന് കണ്ടെത്തൽ. കൊറിയൻ സംസ്കാരത്തോടുള്ള കൗമാരക്കാരുടെ അമിതമായ താൽപ്പര്യം മുതലെടുത്ത് നിർമ്മിച്ച ഈ ഓൺലൈൻ ഗെയിമുകൾ മാരകമായ ചതിക്കുഴികളാണെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് ഈ ‘കൊറിയൻ ലവ് ഗെയിം’?
കെ-ഡ്രാമകളിലെയും കെ-പോപ്പിലെയും റൊമാന്റിക് സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഗെയിമുകൾ പ്രവർത്തിക്കുന്നത്. ഇതിൽ കളിക്കാരന് ഒരു വെർച്വൽ പങ്കാളിയെ ലഭിക്കും. സ്നേഹപൂർണ്ണമായ സംസാരത്തിലൂടെയും നിരന്തരമായ സന്ദേശങ്ങളിലൂടെയും കുട്ടികളെ വൈകാരികമായി ഈ ഗെയിം അടിമകളാക്കുന്നു.
അപകടം ഒളിഞ്ഞിരിക്കുന്ന ടാസ്ക്കുകൾ
തുടക്കത്തിൽ നിഷ്കളങ്കമെന്ന് തോന്നുന്ന ടാസ്ക്കുകളാണ് നൽകുക. എന്നാൽ പടിപടിയായി ഇത് വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിലേക്കും, കുടുംബത്തിൽ നിന്ന് ഒറ്റപ്പെടാൻ പ്രേരിപ്പിക്കുന്നതിലേക്കും മാറും. “നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഇത് ചെയ്യൂ” എന്ന രീതിയിലുള്ള വൈകാരിക ബ്ലാക്ക്മെയിലിംഗ് വഴി സ്വയം ഉപദ്രവിക്കാനും ആത്മഹത്യ ചെയ്യാനും വരെ ഈ ഗെയിമുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇത് പണ്ട് കോളിളക്കം സൃഷ്ടിച്ച ബ്ലൂ വെയ്‌ൽ ഗെയിമിന് സമാനമാണെന്നാണ് വിലയിരുത്തൽ. വെർച്വൽ ലോകവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അതിർവരമ്പ് മായുമ്പോഴാണ് യഥാർത്ഥ അപകടം ആരംഭിക്കുന്നത്. എല്ലാ കൊറിയൻ-തീം ഗെയിമുകളും അപകടകരമല്ല. എന്നാൽ ചില പ്ലാറ്റ്‌ഫോമുകൾ ഈ രീതിയെ ദുരുപയോഗം ചെയ്യുന്നു.
രക്ഷാകർത്താക്കൾ ശ്രദ്ധിക്കാൻ
കുട്ടികൾ മൊബൈലിൽ ഏത് തരം ആപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് നിരന്തരം ശ്രദ്ധിക്കണം. പെട്ടെന്നുള്ള സ്വഭാവമാറ്റം, മുറിയിൽ തനിച്ചിരിക്കാനുള്ള പ്രവണത, രാത്രി വൈകിയുള്ള ഫോൺ ഉപയോഗം എന്നിവ ജാഗ്രതയോടെ കാണണം. ഡിജിറ്റൽ നിയന്ത്രണങ്ങൾക്കപ്പുറം കുട്ടികളുമായി തുറന്ന സംസാരത്തിന് സമയം കണ്ടെത്തുകയാണ് ഏറ്റവും വലിയ പ്രതിരോധം.
