പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം കർണ്ണാടക പൊലീസ് വിപുലീകരിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ അടുത്ത പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുന്നത്.
റോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ അദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. ആദ്യഘട്ട മൊഴികളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത തേടിയാണ് ഈ നീക്കം. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിച്ചുവരുത്തും.
കൂടാതെ, മരണത്തിന് മുൻപ് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് എസ്.ഐ.ടി ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ബിസിനസ് രംഗത്തെ സമ്മർദ്ദമാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക ചതിക്കുഴികൾ മരണത്തിന് പിന്നിലുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
