Home » Blog » Top News » ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: അവലോകനയോഗം ചേര്‍ന്നു
FB_IMG_1770122747809

അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. ഫെബ്രുവരി 15 മുതല്‍ 22 വരെ നടക്കുന്ന 114- മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തും. പരിഷത്ത് നഗറില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ഘോഷയാത്ര, പാര്‍ക്കിംഗ്, ഗതാഗത നിയന്ത്രണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തും. ചെറുകോല്‍ പഞ്ചായത്ത് പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിള്‍ ചെറുകോല്‍പ്പുഴ പമ്പാനദിയിലെ ജലവിതാനം ക്രമീകരിക്കും.പരിഷത്ത് നഗറിലും അയിരൂര്‍, ചെറുകോല്‍പ്പുഴ പ്രദേശങ്ങളിലും വൈദ്യുതി വിതരണം കെ.എസ്.ഇ.ബി ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തെരുവ് വിളക്കിന്റെ അറ്റകുറ്റപ്പണി നടത്തും. ഇറിഗേഷന്റെ നേതൃത്വത്തില്‍ നദിയിലെ ചെളിയും പുറ്റും നീക്കം ചെയ്ത് കരയോട് ചേരുന്ന ഭാഗത്തെ മണല്‍പ്പുറം ലെവല്‍ ചെയ്യും. പമ്പാനദിയുടെ നീര്‍ച്ചാലിനു കുറുകെ താല്‍ക്കാലിക പാലം നിര്‍മിക്കും. പരിഷത്ത് നഗറിലേക്ക് പ്രവേശിക്കുന്ന വഴി സഞ്ചാരയോഗ്യമാക്കും.

ആംബുലന്‍സ് സൗകര്യത്തോടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം, മരുന്നിന്റെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പി.എച്ച്.സി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സൗകര്യം ഉറപ്പാക്കും. പരിഷത്ത് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും നടത്തും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാ സൗകര്യം ആയുര്‍വേദ വകുപ്പ് ഉറപ്പാക്കും.

പരിഷത്ത് നഗറിലേക്കുള്ള റോഡുകളുടെ വശങ്ങളിലെ കാട് പൊതുമരാമത്ത് വകുപ്പ് വെട്ടിത്തെളിക്കും. പേരുച്ചാല്‍ പാലത്തിന്റെ സുരക്ഷ ബ്രിഡ്ജസ് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും.

ഫെബ്രുവരി 15 മുതല്‍ പരിഷത്ത് നഗറില്‍ ഫയര്‍ഫോഴ്സ് വാഹനം ക്രമീകരിക്കും. സ്‌ക്യൂബാ ടീമിന്റെ സേവനം ഉറപ്പാക്കും. പമ്പ ഇറിഗേഷന്‍ പ്രോജക്ട് മണിയാര്‍ ഡാമില്‍ നിന്നുമുള്ള ജലനിര്‍ഗ്ഗമനം ക്രമീകരിക്കും. പരിഷത്ത് നഗറിലും പരിസരത്തും വാട്ടര്‍ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കും. പത്തനംതിട്ട, കടമ്മനിട്ട, നാരങ്ങാനം, ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല, പന്തളം, അടൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, പെരുമ്പെട്ടി, റാന്നി എന്നിവിടങ്ങളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്കും കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ് ഏര്‍പെടുത്തും. ശുചീകരണ പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ബയോടൊയ്‌ലെറ്റ്, ആവശ്യമായ സ്ഥലങ്ങളില്‍വേസ്റ്റ് ബിന്നുകള്‍ എന്നിവ ചെറുകോല്‍, അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കും. ഹരിതകര്‍മ്മസേനയുടെ സേവനം ഉറപ്പാക്കും. ഹരിതചട്ടം പാലിക്കും. എക്‌സൈസ് വകുപ്പ് പട്രോളിംഗ് ശക്തമാക്കും. വ്യാജമദ്യ വില്പന, നിരോധിത ലഹരിവസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കും. പരിഷത്തിനോടനുബന്ധിച്ച് പമ്പ നദിയില്‍ ഉണ്ടാകുന്ന മാലിന്യംനിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പുവരുത്തും. പരിഷത്തിന് മുന്‍പും ശേഷവും പമ്പാനദിയിലെ ജല പരിശോധന നടത്തും.

പരിഷത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ്കലക്ടറെ കോ ഓഡിനേറ്റര്‍ ആയും റാന്നി തഹസില്‍ദാരെ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ആയും ചുമതലപ്പെടുത്തി.

തിരുവല്ല സബ്കലക്ടര്‍ സുമിത് എസ് ഠാക്കൂര്‍, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹിന്ദുമത പരിഷത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.