Home » Blog » Kerala » സുരക്ഷാ പ്രശ്നം: മസ്കിന്റെ ടെസ്‌ല ഡിസൈനിന് ചൈനയുടെ പൂട്ട്
car-1-680x450

ലക്ട്രിക് വാഹനലോകത്ത് വലിയ തരംഗമായി മാറിയ ഹിഡൻ ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന തീരുമാനിച്ചു. ഇലോൺ മസ്കിന്റെ ടെസ്‌ല ജനകീയമാക്കിയ ഈ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ സുരക്ഷാ കാരണങ്ങളാൽ നിർത്തലാക്കുന്ന ആദ്യ രാജ്യമായി ഇതോടെ ചൈന മാറി. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ചൈനയിൽ വിൽക്കുന്ന എല്ലാ കാറുകൾക്കും ഡോറുകളിൽ അകത്തും പുറത്തും മെക്കാനിക്കൽ റിലീസ് സംവിധാനങ്ങൾ നിർബന്ധമാണ്.

വായുപ്രതിരോധം കുറച്ച് മൈലേജ് കൂട്ടാനും കാറുകൾക്ക് ഭംഗി നൽകാനും വേണ്ടിയാണ് ഇത്തരം ഡിസൈനുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ അപകടസമയത്തോ വൈദ്യുതി തടസ്സപ്പെടുമ്പോഴോ ഡോറുകൾ തുറക്കാൻ കഴിയാതെ വരുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം വിലയിരുത്തുന്നു. ഈ പുതിയ നിയമം ചൈനീസ് കാർ നിർമ്മാതാക്കൾക്ക് വലിയ വെല്ലുവിളിയാകും

നിലവിൽ ചൈനയിൽ പുറത്തിറങ്ങുന്ന ഇവികളിൽ 60 ശതമാനവും ഇത്തരം ഹിഡൻ ഹാൻഡിലുകളാണ് ഉപയോഗിക്കുന്നത്. ടെസ്‌ലയ്ക്ക് പുറമെ ഷവോമി, നിയോ, എക്‌സ്‌പെങ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ വാഹനങ്ങൾ പുനർരൂപകൽപ്പന ചെയ്യാൻ നിർബന്ധിതരാകും. ഇതിനകം അംഗീകാരം ലഭിച്ച വാഹനങ്ങൾക്ക് ഡിസൈൻ മാറ്റാൻ രണ്ട് വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. യുഎസിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും സമാനമായ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ടെസ്‌ലയുടെ ഹാൻഡിലുകളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

അപകടങ്ങളോ തീപിടുത്തമോ ഉണ്ടാകുമ്പോൾ വാഹനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങിപ്പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് സെൻസറുകൾ പരാജയപ്പെടുകയോ വൈദ്യുതി നഷ്ടപ്പെടുകയോ ചെയ്താൽ രക്ഷാപ്രവർത്തകർക്ക് ഡോർ തുറക്കാൻ കഴിയാത്തത് ജീവഹാനിക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വിപണിയിലെ ഈ മാറ്റം ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയെന്ന നിലയിൽ ആഗോളതലത്തിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.