കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സി സി ആർ സി) ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു.
മന്ത്രി രാജീവും ജില്ലാ കളക്ടർ ജി. പ്രിയങ്കയുമാണ് സംഘാടക സമിതിയുടെ രക്ഷാധികാരികൾ. കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ ആണ് സംഘാടകസമിതി ചെയർമാൻ.
ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ പി.ജി. ബാലഗോപാൽ ജനറൽ കൺവീനറും മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. നീതു ജോർജ് കൺവീനറുമാണ്.
ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവരും സംഘാടകസമിതിയുടെ ഭാഗമാണ്.
സി.സി. ആർ.സി ഫെബ്രുവരി 9 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. മധ്യകേരളത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനത്തോടെ യാഥാർത്ഥ്യമാകുന്നത്. ഇത് നാടിൻ്റെ ഒരു ആഘോഷമായി മാറണമെന്ന് സംഘാടന സമിതി രൂപീകരണ യോഗത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
കളമശ്ശേരി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസേർച്ച് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടന സമിതി രൂപീകരണ യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
