ആർത്തവകാലത്തെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുന്നത് പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. ആർത്തവ സമയത്ത് ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. പെണ്‍കുട്ടികളുടെ ആര്‍ത്തവ ആരോഗ്യത്തിലെ കേന്ദ്ര ഗവൺമെന്റിന്റെ നയം പരിശോധിക്കവെയാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ അഭാവം പെൺകുട്ടികളുടെ മനുഷ്യ അന്തസ്സിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ഓർമ്മിപ്പിച്ചു. ആർത്തവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അവകാശങ്ങളെക്കുറിച്ചും പെൺകുട്ടികൾ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും കൃത്യമായ ധാരണയുള്ളവരാകണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.
