മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ആരാധകരുടെ ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് വെള്ളിയാഴ്ച പുലർച്ചെയോടെ താരത്തിന്റെ ഔദ്യോഗിക അക്കൗണ്ട് അപ്രത്യക്ഷമായത്.
274 മില്യൺ ഫോളോവേഴ്സുള്ള @virat.kohli എന്ന പ്രൊഫൈൽ സെർച്ച് ചെയ്തവർക്കെല്ലാം ‘പേജ് ലഭ്യമല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ താരം അക്കൗണ്ട് സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ അതോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പടർന്നു. വിരാടിന് പിന്നാലെ സഹോദരൻ വികാസ് കോഹ്ലിയുടെ അക്കൗണ്ടും സമാനമായ രീതിയിൽ കാണാതായത് ദുരൂഹത വർദ്ധിപ്പിച്ചു.
വിവരമറിയാൻ ആരാധകർ അനുഷ്ക ശർമ്മയുടെ അക്കൗണ്ടിലേക്ക് പ്രവാഹമായെത്തിയെങ്കിലും അവിടെ നിന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. നിലവിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം ലണ്ടനിൽ വിശ്രമത്തിലാണ് താരം. ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി കരിയറിലെ മികച്ച ഫോമിൽ നിൽക്കുമ്പോഴുണ്ടായ ഈ അപ്രതീക്ഷിത സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതോടെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.
