ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായെങ്കിലും തളരാതെ പോരാട്ടം തുടരാൻ ഉറച്ച് നിൽക്കുകയാണ് യുവതാരം സർഫറാസ് ഖാൻ. നിലവിൽ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തകർപ്പൻ ഫോമിൽ തുടരുന്ന താരം, തന്റെ കരിയറിനെക്കുറിച്ചും വരാനിരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സ് തുറന്നു. വർത്തമാനകാലത്ത് ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും കഴിഞ്ഞുപോയ കാര്യങ്ങളിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും സർഫറാസ് വ്യക്തമാക്കി. വർഷങ്ങളായി താൻ പിന്തുടരുന്ന അധ്വാനം അതേപടി തുടരുമെന്നും നാളത്തെ മത്സരത്തിലാണ് തന്റെ പൂർണ്ണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും, ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നതാണ് സർഫറാസിന്റെ വലിയ ആഗ്രഹം. ഇതിനായി തന്റെ വൈറ്റ് ബോൾ ഗെയിം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് താരം. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ ഇരട്ട സെഞ്ചുറി നേടിയ സർഫറാസ്, താൻ ഇപ്പോഴും മികച്ച ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. 2024-ൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറി നേടി ഗവാസ്കറുടെ റെക്കോർഡിനൊപ്പമെത്തിയ താരം, ന്യൂസിലൻഡിനെതിരെ 150 റൺസ് നേടി തന്റെ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരുന്നു.
2026 ഐപിഎൽ ലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് സർഫറാസ് ഇപ്പോൾ. ഇതിഹാസ താരം എം.എസ്. ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം കരുതുന്നു. വിരാട് കോഹ്‌ലിക്കൊപ്പം ആർസിബിയിലും രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യൻ ടീമിലും കളിക്കാൻ അവസരം ലഭിച്ച തനിക്ക്, ധോണിക്കൊപ്പം കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് താരം പറഞ്ഞു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ ഈ അവസരം നഷ്ടപ്പെട്ടെന്ന് കരുതിയതായിരുന്നുവെങ്കിലും സിഎസ്കെയിലൂടെ അത് യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സർഫറാസ് ഖാൻ.
