നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലെ ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് തന്റെ പതിവ് ശൈലിയിലോ ഫോമിലോ അല്ല എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. യു.ഡി.എഫ് കാലത്ത് മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ കുടിശികകൾ തീർത്ത് അത് 1600 രൂപയിലേക്ക് എത്തിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. നിലവിൽ ഇത് 2000 രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. കുടിശികകൾ കൃത്യമായി നൽകുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. ക്ഷേമപെൻഷനോട് യു.ഡി.എഫ് എന്നും മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ആരോഗ്യരംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളുടെ നവീകരണവും നൂതന ചികിത്സാ സൗകര്യങ്ങളും കേരളത്തെ മുൻനിരയിലെത്തിച്ചു. കൂടാതെ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെട്ടു. എന്നാൽ ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങളോട് പ്രതിപക്ഷം സ്വീകരിക്കുന്നത് കുറ്റകരമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
