Home » Blog » Uncategorized » ഉണ്ടാകുമോ ജനപ്രിയ പ്രഖ്യാപനങ്ങൾ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
KN_Balagopal-5

സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിക, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഇന്നത്തെ ബജറ്റിൽ ഉണ്ടായേക്കും. ഒപ്പം പങ്കാളിത്ത പെൻഷന് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും സഭയിൽ വെളിപ്പെടുത്തുമെന്നാണ് സൂചന.

സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ക്ഷേമ പെൻഷൻ വർധിപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. റബർ താങ്ങുവില വർധിപ്പിക്കൽ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ, സ്ത്രീസുരക്ഷാ പെൻഷൻ തുക വർധിപ്പിക്കൽ എന്നിവയും ബജറ്റിന്റെ മുൻഗണനാ പട്ടികയിലുണ്ട്. യുവാക്കൾക്കായുള്ള വർക്ക് സ്‌കോളർഷിപ്പ്, വയോജന പരിരക്ഷ എന്നിവയ്ക്കും പ്രത്യേക ഊന്നൽ നൽകിയേക്കാം. അതേസമയം, വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി മദ്യവിലയിൽ മാറ്റമുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾക്കായി വലിയ തുക വകയിരുത്താനാണ് സാധ്യത. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ‘ബംമ്പർ’ പ്രഖ്യാപനങ്ങൾ നടത്തുന്ന ശൈലി ഇടതുപക്ഷത്തിനില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ക്ഷേമപദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം ലഭിക്കുമെന്ന് ഉറപ്പാണ്. കേന്ദ്രസർക്കാർ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനിടയിലും കേരളത്തെ മുന്നോട്ട് നയിക്കുന്ന വികസന രേഖയാകും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.