കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലിത് 152 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനവോടെ 292 കോടി രൂപയിലെത്തി. ത്രൈമാസാടിസ്ഥാനത്തിലെ വര്‍ധനവ് അഞ്ചു ശതമാനമാണ്.
ബാങ്കിന്റെ ആകെ നിക്ഷേപം 21 ശതമാനം വാര്‍ഷിക വര്‍ധനവോടെ 33,407 കോടി രൂപയില്‍ നിന്നും 40,460 കോടി രൂപയില്‍ എത്തിയതായും ആകെ വായ്പകള്‍ 28 ശതമാനം വാര്‍ഷിക വര്‍ധനവോടെ 28,639 കോടി രൂപയില്‍ നിന്നും 36,677 കോടി രൂപയിലെത്തിയതായും 2025 ഡിസംബര്‍ 31ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
റീട്ടെയില്‍ രംഗത്തെ വളര്‍ച്ച നിര്‍ണായകമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തങ്ങള്‍ വന്‍ തോതിലുള്ള വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍, സിഇഒ എന്നിവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ രംഗത്ത് പുത്തന്‍ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നിരവധി സേവനങ്ങളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. എസ്ബിഎസ് വിഷന്‍ 2030 ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ ത്രൈമാസത്തിലും പുരോഗമനപരമായ മെച്ചപ്പെടുത്തലുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.
