Your Image Description Your Image Description

ഡൽഹി: ഖലിസ്ഥാൻ വാദിയും കാനഡയിലെ ഗുണ്ടാത്തലവൻ ലഖ്ബീർ സിങ് ലാൻഡയെ ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. യു.എ.പി.എ പ്രകാരമാണു ഭീകര പട്ടിയിൽ ഉൾപ്പെടുത്തിയത്. 2021ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തിനു നേർക്ക് നടന്ന റോക്കറ്റാക്രമണത്തിൽ ലാൻഡക്ക് പങ്കു​ണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ എന്ന ഖലിസ്ഥാൻ സംഘത്തിലുൾപ്പെട്ട ആളാണ് 34കാരനായ ലാൻഡയെന്ന് ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. 1989ൽ പഞ്ചാബിലെ താൺ തരൺ ജില്ലയിൽ ജനിച്ച ലാൻഡ 2017ലാണ് കാനഡയിലെത്തിയത്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനലുമായി അടുത്ത ബന്ധം പുലർത്തുന്ന പാകിസ്താ​നിലെ ഗുണ്ടാത്തലവൻ ഹവീന്ദർ സിങ് എന്ന റിൻഡയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.

മൊഹാലിയിലെ റോക്കറ്റാ​ക്രമണത്തിന് വേണ്ട സ്ഫോടക വസ്തുക്കളും ആയുധങ്ങളും വിതരണം ചെയ്തത് ലാൻഡയാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരാക്രമണങ്ങൾ, കൊലപാതകം, സ്ഫോടനം, ആയുധം കടത്തൽ, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കുറ്റങ്ങളിൽ പങ്കാളിയാണ് ലാൻഡ. താന്‍ തരണിലെ സര്‍ഹലി പോലീസ് സ്‌റ്റേഷന് നേരെ 2022 ഡിസംബറിലുണ്ടായ ആര്‍.പി.ജി. ആക്രമണത്തിന് പിന്നിലും ലാൻഡയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

അമൃത്‌സറില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ കാറിന്റെ അടിയില്‍ ഐ.ഇ.ഡി. ഘടിപ്പിച്ച സംഭവത്തിലും പ്രതിയാണ്. കാനഡയിലെ നിരവധി ഖലിസ്ഥാൻ സംഘങ്ങളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നതില്‍ സജീവമായിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇയാളുടെ അടുത്ത കൂട്ടാളികളുമായി ബന്ധമുള്ള 48 ഇടങ്ങളില്‍ പഞ്ചാബ് പൊലീസ് പരിശോധന നടത്തുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *