Home » Blog » Kerala » വിജയ്‌യും രശ്മികയും വീണ്ടും സ്ക്രീനിൽ; ‘രണബാലി’ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്ത്!
Untitled-1-145-680x450

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘രണബാലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‌സ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘ഗീതാഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ഹിറ്റുകൾക്ക് ശേഷം ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ ചിത്രം റിലീസിനൊരുങ്ങുന്നത്.

1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പിരീഡ് ആക്ഷൻ ഡ്രാമയായാണ് ‘രണബാലി’ ഒരുങ്ങുന്നത്. വിജനമായ മണൽക്കുന്നുകളിലൂടെ വലിയൊരു ജനക്കൂട്ടം നീങ്ങുന്ന ഗൗരവമേറിയ ദൃശ്യങ്ങളാണ് ടൈറ്റിൽ ഗ്ലിംപ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണിതെന്ന് വിജയ് ദേവരകൊണ്ട ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ‘ടാക്സി വാല’യ്ക്ക് ശേഷം സംവിധായകൻ രാഹുൽ സംകൃത്യനും വിജയ്‌യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം തെലുങ്കിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും റിലീസിനെത്തും. താരങ്ങളുടെ വിവാഹവാർത്തകൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ‘രണബാലി’യുടെ ടൈറ്റിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. പി.ആർ.ഒ ആതിര ദിൽജിത്താണ് ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത്.