സ്വകാര്യ ബസിൽ വെച്ച് യുവാവ് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയും ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണ്ണായക ദിനമാണ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജ് പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടിരുന്നു. വിവാദ വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് ഇതിനോടകം ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മറ്റൊരു പ്രധാന നീക്കമെന്ന നിലയിൽ, ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഉൾപ്പെട്ട മറ്റൊരു യാത്രക്കാരി ആ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടുണ്ട്. വീഡിയോയിൽ താൻ കൂടി ഉള്ളത് ആളുകൾ തെറ്റിദ്ധരിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കണ്ണൂർ സിറ്റി സൈബർ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ വിവരാവകാശ അപേക്ഷയും നൽകിയിട്ടുണ്ട്.
