കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്ത്. ഉണ്ണികൃഷ്ണൻ പുരുഷന്മാർ മാത്രമുള്ള ഗേ ഗ്രൂപ്പുകളിൽ സജീവമായിരുന്നുവെന്നും ഇതാണ് ദാമ്പത്യത്തിലെ വിള്ളലിനും ഗ്രീമയോടുള്ള അവഗണനയ്ക്കും കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഗ്രീമയുടെ കുടുംബം ഉണ്ണികൃഷ്ണനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസില്‍ കൈമാറിയത്.
ഉണ്ണികൃഷ്ണന് കൂടുതൽ താൽപ്പര്യം ആണ്‍സുഹൃത്തുക്കളോടാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സൂചന. വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്തിരുന്ന ഇയാൾ ഇത്തരം കൂട്ടായ്മകളിൽ സജീവമായിരുന്നു. ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെ തെളിവുകളാണ് ഗ്രീമയുടെ കുടുംബം പൊലീസിന് കൈമാറിയത്. പിഎച്ച്ഡി പരീക്ഷയിൽ ശ്രദ്ധിക്കാൻ ഗ്രീമയെ കുടുംബങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകറ്റിനിർത്തുകയും, ഈ സമയങ്ങളിൽ ഉണ്ണികൃഷ്ണൻ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആറ് വർഷത്തെ വിവാഹബന്ധത്തിനിടയിൽ ഇവർ ഒന്നിച്ച് ജീവിച്ചത് വെറും 25 ദിവസങ്ങൾ മാത്രമാണ്. ഉണ്ണികൃഷ്ണൻ ഗ്രീമയുടെ വീട്ടിൽ പോയത് ആകെ ഒരു ദിവസം മാത്രമാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ അംഗമായിട്ടുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
21നായിരുന്നു ഗ്രീമയേയും അമ്മ സജിതയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവഗണന നേരിട്ടിട്ടും വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ആഗ്രഹിച്ചിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു. ഒരു പെണ്ണിന്റെ ശാപം വീണതാണ് ഈ സ്വത്തുക്കള്‍. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്‍മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുത് എന്ന് ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ പ്രത്യേകം കുറിച്ചിരുന്നു. ആറ് വർഷത്തോളം മകൾ നേരിട്ട ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അമ്മ സജിതയുടെ കുറിപ്പിലും പറയുന്നു.
