ബോളിവുഡ് താരം അക്ഷയ് ഖന്ന സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുമ്പോൾ, നടനോട് തനിക്കുണ്ടായിരുന്ന പഴയ ‘ക്രഷിനെ’ കുറിച്ച് കരീന കപൂർ മുൻപ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധേയമാകുന്നു. ‘ധുരന്ദർ’ എന്ന ചിത്രത്തിലെ അക്ഷയ് ഖന്നയുടെ ഗംഭീര പ്രകടനത്തിന് പിന്നാലെയാണ് ഈ സിനിമാക്കഥകൾ വീണ്ടും ചർച്ചയാകുന്നത്. അക്ഷയ് ഖന്നയുടെ പ്രതാപകാലത്ത് താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായിരുന്നുവെന്ന് ബോളിവുഡ് നടി കരീന കപൂർ. കരീനയുടെ ജീവിതശൈലിയെക്കുറിച്ച് റോഷെൽ പിന്റോ എഴുതിയ പുസ്തകത്തിലാണ് കൗമാരക്കാലത്ത് അക്ഷയ് ഖന്നയോട് തോന്നിയ കടുത്ത ആരാധനയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
തന്റെ സഹോദരി കരീഷ്മ കപൂറിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ പോയിരുന്ന കാലത്താണ് അക്ഷയ് ഖന്നയോട് കരീനയ്ക്ക് ക്രഷ് തോന്നിയത്. അന്ന് അക്ഷയ് ഖന്ന അടുത്തുണ്ടാകുമ്പോൾ തലമുതൽ കാൽവരെ ഞാൻ ലജ്ജിച്ച് ചുവന്നുപോകുമായിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ ഞാൻ പൂർണ്ണമായും ‘സ്റ്റാർ സ്ട്രക്ക്’ ആയിപ്പോകുമായിരുന്നു, കരീന പുസ്തകത്തിൽ ഓർമ്മിക്കുന്നു. പിൽക്കാലത്ത് കരീന നായികയായപ്പോൾ ‘ഹൽചൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അക്ഷയ് ഖന്നയുടെ നായികയായി അഭിനയിക്കാനും താരത്തിന് കഴിഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് അക്ഷയ് ഖന്ന നടത്തിയിരിക്കുന്നത്. ചിത്രത്തിൽ റഹ്മാൻ ദകൈത് എന്ന വില്ലൻ വേഷമാണ് താരം കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഒരു ഡാൻസ് രംഗം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി. ഇത് മുൻകൂട്ടി നിശ്ചയിച്ച കൊറിയോഗ്രാഫി അല്ലെന്നും അക്ഷയ് ഖന്ന സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നും സഹനടൻ ഡാനിഷ് വെളിപ്പെടുത്തിയിരുന്നു.
