തിരുവനന്തപുരം നഗരസഭയിലെ വിവിധ വാർഡുകളിൽ ജനുവരി 24 മുതൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ശ്രീകാര്യം ജംഗ്ഷനിലെ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളും, തട്ടിനകം, പേരൂർക്കട എന്നിവിടങ്ങളിലെ പൈപ്പ് ലൈനുകളിലെ ചോർച്ച പരിഹരിക്കുന്ന അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് നിയന്ത്രണം. ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ജനുവരി 25 ഞായറാഴ്ച രാത്രി 10 മണി വരെ ജലവിതരണം പൂർണ്ണമായും മുടങ്ങും. തുടർന്ന് ജനുവരി 31 ശനിയാഴ്ച വരെ ഭാഗികമായി വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നഗരസഭയിലെ കഴക്കൂട്ടം, ശ്രീകാര്യം, ഉള്ളൂർ, കേശവദാസപുരം, പട്ടം, നാലാഞ്ചിറ, മുട്ടട, ആക്കുളം, കുളത്തൂർ തുടങ്ങി മുപ്പതോളം വാർഡുകളിലെ താമസക്കാരെയാണ് ഈ നിയന്ത്രണം ബാധിക്കുക. ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, പൗഡിക്കോണം, സൈനിക് സ്കൂൾ, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര തുടങ്ങിയ പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടും. പൈപ്പ് ലൈനുകൾ പുനഃസ്ഥാപിക്കുന്ന ജോലി വേഗത്തിൽ പൂർത്തിയാക്കി ജലവിതരണം സാധാരണ നിലയിലാക്കാൻ ശ്രമിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
