മലയാള ചലച്ചിത്ര രംഗത്തിന് വലിയൊരു രാജ്യാന്തര അംഗീകാരം കൂടി. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കൊതിയൻ’ അഥവാ ‘ഫിഷേഴ്സ് ഓഫ് മെൻ’, എന്ന മലയാളം ഫീച്ചർ ചിത്രം പ്രശസ്തമായ ഹോങ്കോങ്–ഏഷ്യ ഫിലിം ഫിനാൻസിംഗ് ഫോറത്തിന്റെ ഇൻ-ഡെവലപ്‌മെന്റ് പ്രോജക്ട്സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്ലൗഡ് ഡോർ ഫിലിംസിന്റെ ബാനറിൽ പ്രമോദ് ശങ്കറാണ് ചിത്രം നിർമ്മിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ ഫിനാൻസിംഗ്–കോ-പ്രൊഡക്ഷൻ മാർക്കറ്റുകളിലൊന്നാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ നിർമ്മാതാക്കൾ, നിക്ഷേപകർ, സെയിൽസ് ഏജന്റുമാർ എന്നിവർക്ക് മുന്നിൽ സിനിമാ പ്രോജക്ടുകൾ അവതരിപ്പിക്കാനുള്ള വേദിയാണിത്. ഏഷ്യയിലെ മികച്ച 17 പ്രോജക്ടുകളിൽ ഒന്നായാണ് ഫിഷേഴ്സ് ഓഫ് മെൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
2026 മാർച്ച് 17 മുതൽ 19 വരെയാണ് HAF പതിപ്പ് നടക്കുന്നത്. ഹോങ്കോങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് നടക്കുന്നത്. HAF-ലേക്കുള്ള തിരഞ്ഞെടുപ്പ് നിർണായക നേട്ടമാണെന്ന് സംവിധായകൻ സഞ്ജു സുരേന്ദ്രനും, തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് പ്രമോദ് ശങ്കറും പറഞ്ഞു.
