Home » Blog » Uncategorized » വാഹനാപകടം: അക്ഷയ് കുമാമാറിന്റെ പ്രവർത്തിയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയ
akshay-kumar

വിദേശയാത്ര കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങവെ ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സഞ്ചരിച്ച വാഹനം റോഡപകടത്തിൽ പെട്ടു. തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽ നിന്ന് ജുഹുവിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ സിൽവർ ബീച്ച് കഫേയ്ക്ക് സമീപമാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് അക്ഷയ് കുമാറിന്റെ സുരക്ഷാ വാഹനത്തിലും എസ്‌യുവിയും കൂട്ടിയിടിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ അപകടം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.

അപകടം നടന്ന ഉടൻ തന്നെ തന്റെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അക്ഷയ് കുമാറും സുരക്ഷാ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു. സുരക്ഷാ വാഹനത്തിനടിയിൽ കുടുങ്ങിപ്പോയ ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുക്കാൻ താരം നേരിട്ട് നേതൃത്വം നൽകി. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, അക്ഷയ് കുമാറിന്റെയും സംഘത്തിന്റെയും സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല . വൈദ്യസഹായം എത്തുന്നതിന് മുൻപ് തന്നെ അപകടത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ താരത്തിന് സാധിച്ചു. സംഭവത്തെത്തുടർന്ന് ജുഹു മേഖലയിൽ അല്പനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും അധികൃതർ എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ കാട്ടിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.