യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തുമെന്ന് വി.ഡി സതീശൻ. കേരള കോൺഗ്രസ് വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് മുന്നണി നേതാക്കളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. ഇത്തരമൊരു വിഷയത്തിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്ന കാര്യത്തിൽ സംശയമില്ല. വിവിധ രാഷ്ട്രീയ പാർട്ടികളും വ്യക്തികളും സോഷ്യൽ ഗ്രൂപ്പുകളും ഈ വിപുലീകരണത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി വിപുലീകരണത്തെക്കുറിച്ച് എപ്പോഴും പരസ്യമായി പറയേണ്ടതില്ലെന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്.
സംസ്ഥാനത്തെ നടുക്കിയ സ്വർണക്കൊള്ള കേസിലെ അന്വേഷണം വഴിതിരിച്ചുവിടാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വർണക്കൊള്ളയെക്കുറിച്ചുള്ള ചർച്ചകൾ മറയ്ക്കാനാണ് മറ്റു പല കാര്യങ്ങളും ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും പ്രതിപക്ഷത്തിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ ഇതുവരെയും പാർട്ടി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ സർക്കാരും സിപിഎമ്മും മറുപടി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
