കൊച്ചി: നാഷണല്‍ യൂത്ത് ഡേയുടെ ഭാഗമായി സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് (എസ്‌ഐസി) പദ്ധതിയിലൂടെ ഉത്തര്‍പ്രദേശില്‍ 1,750 വിദ്യാര്‍ത്ഥികളെ സര്‍ട്ടിഫൈ ചെയ്തതായി സാംസങ് ഇന്ത്യ അറിയിച്ചു. ലക്‌നൗവിലെ സിറ്റി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി രജ്‌നി തിവാരി പങ്കെടുത്തു.
ഇതോടെ ഉത്തര്‍പ്രദേശില്‍ എസ്‌ഐസി പദ്ധതിയില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 3,900 ആയി. സംസ്ഥാനത്ത് 5,000 യുവാക്കളെ പരിശീലിപ്പിക്കുകയാണ് സാംസങിന്റെ ലക്ഷ്യം. രാജ്യതലത്തില്‍ 20,000 വിദ്യാര്‍ത്ഥികളെ അപ്‌സ്‌കില്‍ ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
ലക്‌നൗവിലെ പദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (950), കോഡിംഗ് & പ്രോഗ്രാമിംഗ് (550), ബിഗ് ഡാറ്റ (150), ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (100) എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്.
2022ല്‍ ഇന്ത്യയില്‍ ആരംഭിച്ച എസ്‌ഐസി പദ്ധതി, പ്രത്യേകിച്ച് അര്‍ധനഗര–പിന്നാക്ക മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്യൂച്ചര്‍ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക്‌സ് സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയതലത്തില്‍ 44% സ്ത്രീപങ്കാളിത്തം രേഖപ്പെടുത്തിയ പദ്ധതിയില്‍ സോഫ്റ്റ് സ്‌കില്‍ പരിശീലനവും പ്ലേസ്‌മെന്റ് പിന്തുണയും ഉള്‍പ്പെടുന്നു. സാംസങ് സോള്‍വ് ഫോര്‍ ടുമോറോ, സാംസങ് ദോസ്ത് എന്നിവയോടൊപ്പം ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌കില്ലിംഗ് ലക്ഷ്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള സാംസങിന്റെ ദീര്‍ഘകാല പ്രതിബദ്ധതയാണ് എസ്‌ഐസി പ്രതിഫലിപ്പിക്കുന്നത്.
