വാഹന നികുതി കുടിശ്ശികയുള്ളവർ ഭൂമി വിൽക്കാൻ ശ്രമിക്കുമ്പോൾ ഇനി കുടിശ്ശിക തുക നിർബന്ധമായും അടയ്ക്കേണ്ടി വരും. സർക്കാരിന് ലഭിക്കാനുള്ള 520 കോടി രൂപ ഈടാക്കുന്നതിനായി 72,122 കേസുകളിലാണ് നിലവിൽ റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നത്. വാഹന ഉടമയുടെ പേരിലുള്ള ഭൂമിയുടെ ഭൂരേഖകളിൽ വില്ലേജ് ഓഫീസുകൾ വഴി കുടിശ്ശിക വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നികുതി അടച്ചുതീർക്കാതെ ഭൂമി കൈമാറ്റം സാധ്യമാകില്ല. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തുക കുടിശ്ശികയുള്ളത്.
ഉപയോഗശൂന്യമായതോ അപകടത്തിൽപ്പെട്ടതോ ആയ വാഹനങ്ങൾ കൃത്യമായ നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷൻ റദ്ദാക്കാത്തതാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി കുടിശ്ശിക തീർത്ത ശേഷമേ വാഹനം പൊളിക്കാവൂ. ഇത് പാലിക്കാതെ ആക്രിക്ക് കൈമാറിയാലും നികുതി ബാധ്യത ഉടമയുടെ പേരിൽ തന്നെ തുടരും. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൃത്യസമയത്ത് കൈമാറാത്തതും പലരെയും ജപ്തി നടപടികളിലേക്ക് എത്തിക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തേക്കും പിന്നീട് അഞ്ച് വർഷം കൂടുമ്പോഴുമാണ് നികുതി അടയ്ക്കേണ്ടത്. പൊതു വാഹനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ നികുതി അടയ്ക്കണം. അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളുടെ അഭാവവും സങ്കീർണ്ണമായ നടപടിക്രമങ്ങളും കാരണം പലരും വാഹനം പൊളിക്കുന്ന വിവരം അധികൃതരെ അറിയിക്കാറില്ല. നിലവിൽ ഉടമകളെ കൃത്യമായി തിരിച്ചറിഞ്ഞ കേസുകളിൽ മാത്രമാണ് ജപ്തി നടപടികൾ ആരംഭിച്ചിട്ടുള്ളത്.
