സംസ്ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രമുഖ നിർമാതാവ് ജി. സുരേഷ് കുമാർ രംഗത്ത്. കഴിഞ്ഞ പത്തുവർഷമായി സിനിമാ മേഖലയുടെ പുരോഗതിക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും വ്യവസായത്തെ വെറും ‘കറവപ്പശുവായാണ്’ അധികൃതർ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമാ സംഘടനകൾ കൊച്ചിയിൽ വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സർക്കാരിന്റെ അവഗണനയ്ക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. വിനോദ നികുതി ഉൾപ്പെടെയുള്ള ഭാരങ്ങൾ ഇൻഡസ്ട്രിക്ക് മേൽ അടിച്ചേൽപ്പിക്കുമ്പോൾ, തിരികെ ഒരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സിനിമയ്ക്ക് നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ സബ്സിഡി പരിഹാസ്യമാണെന്നും മറ്റ് സംസ്ഥാനങ്ങൾ കോടിക്കണക്കിന് രൂപയാണ് ഈ മേഖലയ്ക്കായി മാറ്റിവെക്കുന്നതെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. സിനിമ കോൺക്ലേവ് പോലുള്ള പരിപാടികൾ വെറും കണ്ണിൽപ്പൊടിയിടൽ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആടിനെ പ്ലാവില കാട്ടി കൊണ്ടുപോകുന്നത് പോലെയാണ് സർക്കാർ ചലച്ചിത്ര പ്രവർത്തകരെ കബളിപ്പിക്കുന്നതെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു. ബജറ്റുകളിൽ പോലും അവഗണിക്കപ്പെടുന്ന ഈ മേഖല, ഏറ്റവും കൂടുതൽ നികുതി നൽകുന്ന വ്യവസായങ്ങളിൽ ഒന്നാണെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു.
സർക്കാരിന്റെ ഈ അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം 21-ന് സിനിമ മേഖല സൂചനാ സമരം നടത്താൻ തീരുമാനിച്ചു. അമ്മ (AMMA), പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അന്നേ ദിവസം സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്യും. നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റ് ബി. രാകേഷ്, ‘അമ്മ’ ജനറൽ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ കുക്കൂ പരമേശ്വരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
