സിനിമ കാണാൻ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്നിരുന്ന കാലം മാറി. ഇന്ന് വിരൽത്തുമ്പിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന സാങ്കേതിക വിദ്യ സിനിമാ വ്യവസായത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. പ്രമുഖ ബുക്കിംഗ് പ്ലാറ്റ്ഫോമായ ‘ബുക്ക് മൈ ഷോ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ സിനിമയിലെ ജനപ്രീതിയുടെ പുതിയ അളവുകോലായി ഈ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് വിൽപ്പന മാറിയിരിക്കുന്നു. നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ച് ‘പുഷ്പ 2’ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 2.04 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്.
പട്ടികയിലെ മറ്റ് സ്ഥാനങ്ങൾ പരിശോധിച്ചാൽ 1.71 കോടി ടിക്കറ്റുകളുമായി ‘കെജിഎഫ് ചാപ്റ്റർ 2’ രണ്ടാം സ്ഥാനത്തും 1.6 കോടി ടിക്കറ്റുകളുമായി ‘ബാഹുബലി 2’ മൂന്നാം സ്ഥാനത്തുമുണ്ട്. ‘കാന്താര ചാപ്റ്റർ 1’ (1.41 കോടി), സമീപകാലത്തെ വലിയ വിജയമായ ‘ധുരന്ദർ’ (1.36 കോടി) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ആർആർആർ, കൽക്കി 2898 എഡി, ഛാവ, ജവാൻ, സ്ത്രീ 2 എന്നീ ചിത്രങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ‘കൊയ്മൊയ്’ പുറത്തുവിട്ട ഈ കണക്കുകൾ ഇന്ത്യൻ സിനിമയുടെ പാൻ-ഇന്ത്യൻ വളർച്ചയുടെയും ഡിജിറ്റൽ ബുക്കിംഗിന്റെ സ്വാധീനത്തിന്റെയും തെളിവായി സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നു.
