Home » Blog » Kerala » റെക്കോർഡുകൾ തകർക്കാൻ ഡെലൂലുവിനൊപ്പം പ്രഭേന്ദു എത്തുന്നു; റെക്കോർഡുകൾ ഭേദിച്ച് സർവ്വം മായ
Untitled-1-50-680x450

നിവിൻ പോളിയും റിയ ഷിബുവും പ്രധാന വേഷങ്ങളിലെത്തിയ ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം വെറും പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. നിലവിൽ 132 കോടി രൂപ ആഗോള കളക്ഷൻ നേടിയതോടെ, മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത് സിനിമകളുടെ പട്ടികയിൽ ചിത്രം ഒമ്പതാം സ്ഥാനത്തെത്തി. ഈ കുതിപ്പോടെ മോഹൻലാലിന്റെ ‘ലൂസിഫർ’ ടോപ് 10 പട്ടികയിൽ നിന്ന് പുറത്താവുകയും ‘പ്രേമലു’ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

നിലവിലെ കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഉടൻ തന്നെ 150 കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പട്ടികയിൽ ഇനി സർവ്വം മായയ്ക്ക് മുന്നിലുള്ളത് ‘പുലിമുരുകൻ’ (139 കോടി), ‘ആവേശം’ (154 കോടി) എന്നീ ചിത്രങ്ങളാണ്. 304 കോടിയുമായി ഒന്നാം സ്ഥാനത്തുള്ള ‘ലോക’യെയും മറ്റ് വമ്പൻ ഹിറ്റുകളെയും മറികടക്കാൻ ചിത്രത്തിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ചിത്രം ബോക്സ് ഓഫീസ് പട്ടികയിൽ ഇനിയും സ്ഥാനം മെച്ചപ്പെടുത്തുമെന്നാണ് ട്രാക്കർമാർ പ്രവചിക്കുന്നത്.

മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ മാറിമറിയുന്ന കാഴ്ചയ്ക്കാണ് ബോക്സ് ഓഫീസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഏഴ് വർഷത്തോളം മാറ്റമില്ലാതെ തുടർന്ന ‘പുലിമുരുകന്റെ’ റെക്കോർഡ് 2023-ൽ ‘2018’ തകർത്തതോടെയാണ് ഈ മാറ്റങ്ങൾക്ക് തുടക്കമായത്. തൊട്ടടുത്ത വർഷം ‘മഞ്ഞുമ്മൽ ബോയ്‌സ്’ ആ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും 2025-ൽ രണ്ടുതവണയാണ് ചരിത്രം തിരുത്തപ്പെട്ടത്. ആദ്യം ‘എമ്പുരാനിലൂടെ’ മോഹൻലാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ കല്യാണി പ്രിയദർശന്റെ ‘ലോക’ റെക്കോർഡുകളെല്ലാം തകർത്ത് മുന്നിലെത്തി. 2026-ലും സമാനമായ രീതിയിൽ പുതിയൊരു ഇൻഡസ്ട്രി ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

‘സർവ്വം മായ’യുടെ വൻ വിജയത്തിന് പിന്നാലെ നിവിൻ പോളിയെ കാത്തിരിക്കുന്നത് വമ്പൻ പ്രോജക്റ്റുകളുടെ നീണ്ട നിരയാണ്. ജനുവരി 23-ന് പുറത്തിറങ്ങുന്ന ‘ബേബി ഗേൾ’ ആണ് ഇതിൽ ആദ്യത്തേത്. പ്രേമലുവിന്റെ അണിയറപ്രവർത്തകർ ഒരുക്കുന്ന ‘ബത്‌ലഹേം കുടുംബയൂണിറ്റ്’, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ തമിഴ് ചിത്രം ‘ബെൻസി’ എന്നിവയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. കൂടാതെ ‘ഡിയർ സ്റ്റുഡന്റ്‌സ്’, ‘മൾട്ടിവേഴ്‌സ് മന്മഥൻ’, ബി. ഉണ്ണികൃഷ്ണൻ ചിത്രം തുടങ്ങി ഒരുപിടി വൈവിധ്യമാർന്ന സിനിമകളിലൂടെ ബോക്സ് ഓഫീസിൽ തന്റെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങുകയാണ് നിവിൻ