Home » Blog » Kerala » ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം : ‘ജനനായകൻ’ വിവാദത്തിൽ രാഹുൽ ഗാന്ധി
rahul-gandhi

വിജയ് ചിത്രം ‘ജനനായകൻറെ’ റിലീസ് തടഞ്ഞുവെക്കുന്ന നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഈ നീക്കം തമിഴ് സംസ്കാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം ഇത്തരത്തിൽ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രദർശനം തടയുന്നതിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഈ നടപടി തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജനുവരി ഒമ്പതിന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെക്കേണ്ടി വന്നതോടെയാണ് രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്. സെൻസർ ബോർഡിന്റെ അനുമതി വൈകിയതോടെ പലയിടങ്ങളിലും മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ റീഫണ്ട് ചെയ്യേണ്ടി വന്നത് നിർമ്മാതാക്കൾക്കും ആരാധകർക്കും വലിയ നിരാശയുണ്ടാക്കി. ഇതര ഭാഷാ പതിപ്പുകൾക്ക് അനുമതി ലഭിക്കുന്നതിന് മുൻപ് തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന സാങ്കേതികതയിലാണ് ചിത്രത്തിന്റെ റിലീസ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

വിജയ് ചിത്രം ‘ജനനായകൻറെ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടം സങ്കീർണ്ണമാകുന്നു. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് തടയുന്നു എന്ന് കാണിച്ച് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ച് സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിക്കുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവിനെതിരെ സെൻസർ ബോർഡ് (CBFC) ഉടനടി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് വാദം കേട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. കേസ് ജനുവരി 21-ന് കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കെ, നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ നീതി തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെൻസർ ബോർഡ് നടപടികളിൽ അട്ടിമറി നടന്നെന്നും നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടും മനപ്പൂർവ്വം സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.