Home » Blog » Kerala » 9300-ലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ; റെക്കോർഡ് വിക്ഷേപണവുമായി സ്പേസ് എക്സ്
Untitled-2-5-680x450

ലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ബഹിരാകാശത്ത് കൂടുതൽ ഉപഗ്രഹങ്ങൾ വിന്യസിക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 14 തിങ്കളാഴ്ച 29 പുതിയ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യൻ സമയം രാവിലെ 10.55 ന് ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. വിക്ഷേപണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ 29 ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് റിലേ ഉപഗ്രഹങ്ങളും വിന്യസിക്കുന്ന രീതിയിലാണ് ഈ ദൗത്യം ക്രമീകരിച്ചിരുന്നത്.

തിങ്കളാഴ്ച നടന്ന വിക്ഷേപണം 2025-ലെ ഫാൽക്കൺ 9 റോക്കറ്റിന്റെ നൂറാമത് ദൗത്യമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടർച്ചയായ വിക്ഷേപണങ്ങളുടെ ഭാഗമായി, ചൊവ്വാഴ്ച കെന്നഡി സ്പേസ് സെന്ററിൽ നിന്ന് മറ്റൊരു ഫാൽക്കൺ 9 റോക്കറ്റ് കൂടി വിക്ഷേപിക്കാൻ സ്പേസ് എക്സ് പദ്ധതിയിടുന്നുണ്ട്. ഇതിന് മുൻപ് ഡിസംബർ 13-നും ഒരു ഫാൽക്കൺ 9 വിക്ഷേപണം നടന്നിരുന്നു. ഈ ദൗത്യങ്ങളിലെല്ലാം പുനരുപയോഗിക്കാൻ സാധിക്കുന്ന റോക്കറ്റിന്റെ ബൂസ്റ്റർ വിജയകരമായി ഭൂമിയിൽ തിരികെ ഇറക്കാൻ സാധിച്ചു.

ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കിന് നിലവിൽ 9300-ൽ അധികം സജീവ ഉപഗ്രഹങ്ങളുള്ള ഒരു ഭീമൻ ശൃംഖലയാണുള്ളത്. 2019 മുതൽ 10,000-ത്തിലധികം ഉപഗ്രഹങ്ങൾ കമ്പനി വിക്ഷേപിച്ചു കഴിഞ്ഞു. ഭൂമിയിൽ എവിടെയുമുള്ള ഉപയോക്താക്കൾക്ക് ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനിയാണ് സ്റ്റാർലിങ്ക്. പരമ്പരാഗത ഇൻ്റർനെറ്റ് ശൃംഖലകൾ എത്തിപ്പെടാത്ത വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിൽ കണക്ടിവിറ്റി എത്തിക്കാൻ ഇത് വഴി സാധിക്കുന്നു.