police-1-680x450.jpg

പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റാൻ കാരണമായതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് ഡി.എം.ഒ. തലത്തിൽ രണ്ട് പ്രാഥമിക അന്വേഷണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ അന്വേഷണങ്ങളിൽ ആശുപത്രിക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

വിഷയത്തിൽ ആരോഗ്യ മന്ത്രി നേരിട്ട് ഇടപെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡെപ്യൂട്ടി ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഔദ്യോഗിക നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് കുടുംബം നിയമപോരാട്ടത്തിനായി പരാതിയുമായി മുന്നോട്ട് പോയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *