
മലയാള സിനിമയുടെ പ്രിയ നായകൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും യുവനിരയോട് കിടപിടിക്കുന്ന എനർജിയുമാണ് എക്കാലത്തും അദ്ദേഹത്തിന്റെ പ്രത്യേകത. ഈ യൗവന രഹസ്യത്തിന് പിന്നിൽ കഠിനമായ അച്ചടക്കവും കൃത്യമായ ഭക്ഷണക്രമവുമാണുള്ളത്.
ആരോഗ്യത്തെക്കാൾ വലുതല്ല രുചി എന്ന കൃത്യമായ ബോധ്യമാണ് മമ്മൂട്ടിയെ ഇപ്പോഴും ചുറുചുറുക്കോടെ നിലനിർത്തുന്നത്. മട്ടൺ ബിരിയാണിയും ചിക്കൻ ഫ്രൈയും പോലുള്ള രുചികരമായ ഭക്ഷണങ്ങളോട് ഇഷ്ടമുണ്ടെങ്കിലും അളവിൽ കർശന നിയന്ത്രണം പാലിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആഘോഷവേളകളിൽ പോലും ഈ ശീലത്തിന് മാറ്റമില്ല.
എണ്ണമയമുള്ളതും അമിത കലോറിയുള്ളതുമായ ആഹാരങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാണ് അദ്ദേഹം തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത്. നീണ്ട ഷൂട്ടിങ് സമയത്തും ശരീരത്തിന് ആവശ്യമുള്ള ഊർജ്ജം മാത്രം നൽകി ലളിതമായ ഡയറ്റാണ് പിന്തുടരുന്നത്. ഉച്ചഭക്ഷണത്തിൽ അരിഭക്ഷണം ഒഴിവാക്കാനാണ് താരം സാധാരണയായി ശ്രമിക്കാറുള്ളത്. ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ ചിരകിയ മീൻകറിയുമാണ് പ്രധാന വിഭവം. കരിമീൻ, തിലോപ്പിയ, നെത്തോലി എന്നിവയോടാണ് അദ്ദേഹത്തിന് കൂടുതൽ പ്രിയം. തേങ്ങ ചേർത്ത നെത്തോലി കറിയും പയർ മെഴുക്കുപുരട്ടിയുമാണ് പ്രിയപ്പെട്ട കോമ്പോ. എരിവും എണ്ണയും കുറഞ്ഞ, വയറിന് ഭാരമുണ്ടാക്കാത്ത ആഹാരങ്ങളാണ് ഉച്ചയ്ക്ക് തിരഞ്ഞെടുക്കുന്നത്.
ഗോതമ്പ് അല്ലെങ്കിൽ ഓട്സ് ദോശയാണ് സാധാരണയായി അത്താഴത്തിന് കഴിക്കാറുള്ളത്. മൂന്നിൽ കൂടുതൽ ദോശ കഴിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. എരിവ് കുറഞ്ഞ ചിക്കൻ കറിയും ചട്ണിയുമാണ് ഇതിനൊപ്പം കഴിക്കുന്നത്. ഒടുവിൽ ചൂടുള്ള മഷ്റൂം സൂപ്പ് കൂടി കുടിക്കുന്നതോടെ അത്താഴം പൂർത്തിയാകുന്നു. വൈകുന്നേരങ്ങളിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലമില്ലെങ്കിലും ഷൂട്ടിങ് വേളകളിൽ കട്ടൻ ചായ കുടിക്കാറുണ്ട്. ആരോഗ്യത്തോടുള്ള ഈ ആത്മാർത്ഥത തന്നെയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടിയെ ഫിറ്റ്നസിന്റെ കാര്യത്തിൽ എന്നും മാതൃകയാക്കുന്നത്.
