മുൻകരുതൽ ശേഖരമായി വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ വലിയൊരു ഭാഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നു. നടപ്പ് സാമ്പത്തിക വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിൽ 64 ടൺ സ്വർണമാണ് ഈ അതീവ രഹസ്യ നടപടികളിലൂടെ ഇന്ത്യയിലെത്തിച്ചത്.
സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം, ആർ.ബി.ഐയുടെ കൈവശമുള്ള ആകെ സ്വർണ ശേഖരം 880.8 ടൺ ആണ്. ഇതിൽ ഭൂരിഭാഗവും, അതായത് 575.8 ടൺ, ഇപ്പോൾ ഇന്ത്യയിലെ സുരക്ഷിത കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബാക്കിയുള്ള 290.3 ടൺ സ്വർണം ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ് തുടങ്ങിയ വിദേശ സ്ഥാപനങ്ങളുടെ പക്കലുണ്ട്. 14 ടൺ വിവിധ സ്വർണ നിക്ഷേപ മാർഗ്ഗങ്ങളിലുമാണ് ഉള്ളത്.
