Home » Blog » Auto » 5,939 കോടിയുടെ പാക്കേജ്; ഇലക്ട്രിക് വാഹന വിപണിയിൽ വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സർക്കാർ
electric-1-680x450

രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് വൻ കരുത്തുപകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര സർക്കാർ. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും ബാറ്ററി ഘടകങ്ങൾ നിർമ്മിക്കുന്നവർക്കും വലിയ രീതിയിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും നികുതി ഇളവുകളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓട്ടോമൊബൈൽ മേഖലയ്ക്കുള്ള പിഎൽഐ പദ്ധതിയുടെ ബജറ്റിൽ വരുത്തിയ 111 ശതമാനത്തിന്റെ വൻ വർദ്ധനവാണ്. ഇതോടെ പദ്ധതിക്കായി 5,939 കോടി രൂപ അനുവദിക്കപ്പെട്ടു.

ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ അപൂർവ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. ലിഥിയം-അയൺ സെൽ നിർമ്മാണത്തിനും ഇറക്കുമതിക്കുമുള്ള തീരുവ ഇളവുകൾ നീട്ടുകയും ചെയ്തിട്ടുണ്ട്. ചൈന കയറ്റുമതി സബ്‌സിഡികൾ നിർത്തലാക്കിയതോടെ ലിഥിയം സെല്ലുകൾക്ക് വില കൂടുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര നിർമ്മാതാക്കൾക്ക് വലിയ ആശ്വാസമാകും.

അതേസമയം, ലിഥിയം-അയൺ സെൽ നിർമ്മാണത്തിനുള്ള പിഎൽഐ വിഹിതം 45 ശതമാനം കുറച്ച് 86 കോടിയാക്കി ചുരുക്കിയിട്ടുണ്ട്. ഓല ഇലക്ട്രിക്, റിലയൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് അവരുടെ ഗിഗാഫാക്ടറികളുടെ നിർമ്മാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതാണ് ഈ ഫണ്ട് കുറയ്ക്കാൻ കാരണം. ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ഘട്ടത്തിൽ, ഇന്ത്യയുടെ ഈ തന്ത്രപരമായ നീക്കം ഇവി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുമെന്ന് സിമ്പിൾ എനർജി സിഇഒ സുഹാസ് രാജ്‌കുമാർ അഭിപ്രായപ്പെട്ടു.