അമേരിക്കൻ ടെക് ഭീമനായ സാസ് (SAS), ചൈനയിലെ നേരിട്ടുള്ള നിക്ഷേപങ്ങൾ അവസാനിപ്പിച്ച് ഓഫീസുകൾ അടച്ചുപൂട്ടി. ഇതോടെ, ചൈനയിലെ സാസിൻ്റെ 400 ജീവനക്കാർക്ക് ജോലി നഷ്ടമായി. തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും ഇക്കാര്യം വീഡിയോ കോൾ വഴിയാണ് അറിഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ വിപണികളിലൊന്നായ ചൈനയിൽ സാസിൻ്റെ 1999-ൽ ആരംഭിച്ച രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനാണ് ഇതോടെ വിരാമമായത്. ചൈനയിൽ നിന്ന് പിൻവാങ്ങുകയോ സാന്നിധ്യം കുറയ്ക്കുകയോ ചെയ്യുന്ന മറ്റ് അമേരിക്കൻ ടെക് കമ്പനികളുടെ നിലവിലെ നയങ്ങളുടെ തുടർച്ചയായിട്ടാണ് ഈ പിരിച്ചുവിടലിനെയും വിലയിരുത്തുന്നത്.
പിരിച്ചുവിടലിന് മുന്നോടിയായി കമ്പനി അധികൃതർ ജീവനക്കാർക്ക് അടിയന്തര വീഡിയോ കോൾ ക്ഷണം നൽകുകയും ഈ ഓൺലൈൻ യോഗത്തിൽ വെച്ച് പിരിച്ചുവിടൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനിയുടെ ആഭ്യന്തര പുനഃക്രമീകരണത്തിൻ്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് സാസ് അധികൃതർ കാരണം ചൂണ്ടിക്കാണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് നവംബർ 14-ഓടെ പിരിച്ചുവിടൽ രേഖകളിൽ ഒപ്പിടണമെന്നാണ് സാസ് നിർദ്ദേശിച്ചിട്ടുള്ളത്. പിരിച്ചുവിടൽ നഷ്ടപരിഹാരമായി 2025-ൻ്റെ അവസാനം വരെയുള്ള ശമ്പളവും വർഷാവസാന ബോണസും മറ്റ് അധിക നഷ്ടപരിഹാരവും സാസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയിൽ ഇനി നേരിട്ടുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തില്ലെന്ന് സാസ് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, തേർഡ്-പാർട്ടി പങ്കാളികളിലൂടെ സാസിൻ്റെ സേവനങ്ങൾ ചൈനയിൽ തുടർന്നും ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. ആഗോളതലത്തിൽ കമ്പനിയുടെ സാന്നിധ്യം പുനഃസംഘടിപ്പിക്കുന്നതിൻ്റെയും ദീർഘകാല ഭാവി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ചൈനയിലെ ഈ പിരിച്ചുവിടലെന്ന് സാസ് വക്താവ് പറഞ്ഞു. പിരിച്ചുവിടൽ വാർത്ത വന്നതിന് പിന്നാലെ സാസിൻ്റെ ചൈനീസ് വെബ്സൈറ്റും ജോബ് ലിസ്റ്റിംഗുകളും അപ്രത്യക്ഷമായി. ബെയ്‌ജിങ്, ഷാങ്ഹായ്, ഗ്വാങ്‌ജോ തുടങ്ങിയ നഗരങ്ങളിൽ സാസിന് ഓഫീസുകളുണ്ടായിരുന്നു. എന്നാൽ, ഈ ഓഫീസുകൾ സന്ദർശിച്ച മാധ്യമപ്രവർത്തകർക്ക് കാര്യമായ ജീവനക്കാരെ അവിടെ കാണാൻ കഴിഞ്ഞില്ലെന്നും വാർത്തകളിൽ പറയുന്നു.
